"പ്രതിരൂപം"

പ്രതിരൂപം



നിന്‍റെ ഓര്‍മകള്‍ക്ക്
എന്‍റെ രക്തത്തിന്‍റെ
മണമുണ്ട്

ആത്മാവില്‍
പ്രേതാവേശത്തിന്റെ
കനല് വീഴുമ്പോഴും
ബോധം വീണ്ടെടുത്തത്
ഓര്‍മകളില്‍
ഇല്ലതാവാനാണ്

ശൂന്യമായ ഹൃദയം
കാലത്തിന്റെ
ഇടവഴികളില്‍
ചിന്ത മുറിഞ്ഞു
നില്‍ക്കുമ്പോള്‍

ഒന്നുമില്ലായ്മയുടെ
കടുംശ്രുതികള്‍
ആത്മരോദനങ്ങളില്‍
വിസ്മൃതമാവുന്നു..

നിലയറ്റു പോകുമ്പോള്‍
വിരല് കോര്‍ക്കാന്‍
നിഴലുകള്‍ മാത്രം

പാതിമുറിഞ്ഞ
കവിതകളില്‍
എന്‍റെ ഹൃദയം
കൊര്‍ക്കപ്പെടുമ്പോള്‍
വിഹ്വലതയുടെ
അവസാന
നാഴികമണിയും
അടിച്ചു
കഴിഞ്ഞിരുന്നു



പൂരപ്പറമ്പില്‍
കൂട്ടം തെറ്റി കരഞ്ഞ
പൈതലിനെ റാഞ്ചി
പറന്ന കഴുകന്‍
കരള്‍ കൊത്തികീറി
വിഴുങ്ങുമ്പോള്‍

ഗാസ ...ഗാസ ...
എന്നുറക്കെ കരഞ്ഞ
കാപട്യമേ...
നിന്‍റെ ഉപ്പുരസമില്ലാത്ത
കണ്ണുനീര്‍ പാടങ്ങളില്‍
വിത്തെറിഞ്ഞു
"വോട്ട് "
മുളപ്പിക്കുന്ന
കക്ഷിരാഷ്ട്രീയ ബുദ്ധിയെ ....
മുക്തകണ്ഠം പ്രശംസിക്കാതെ
വയ്യെനിക്കത്രമേല്‍
കേമമീ നാട്യം,...
ബഹുരസം ....

ഗാസ ...ഗാസ ...

====ആശിഷ് മുംബൈ ====




എനിക്കൊരു വരികവിത കടം തരുമോ
പ്രണയത്തെ ബാഷ്പ്പീകരിച്ചു
ജീവിതത്തെ പ്രകീര്‍ത്തിച്ചു
മൃതിയെ ഞാനൊന്നു
പരിഹസിക്കട്ടെ

എനിക്കോരിറ്റു സ്നേഹം
കടം തരുമോ
മൌനം വരിയുടച്ച
രാവിന്റെ വിഹ്വലതകളില്‍
അവളുടെ താലി മാലയില്‍
കുരുക്കാന്‍
എന്റെ പൌരുഷം
ഉരുക്കിയെടുത്ത
വിഷ ബീജങ്ങളെ
ഞാനൊന്നു വിതക്കും വരെ

എനിക്കൊരു
ജന്മം കടം തരാമോ
കപിലവസ്തുവില്‍ ജനിച്ചു
അയോധ്യയില്‍ വളര്‍ന്നു
ഹീരാ ഹുഹയില്‍ ഉറങ്ങി
ഞാനെന്റെ ചിന്തകളെ
കാല്‍വരിയിലെ
കുന്നിന്‍ മുകളില്‍
കുരിശിലേറ്റട്ടെ

ഞാന്‍ പറയാനും
നീ അറിയാനും വൈകിയ
സത്യം ഇനി പറയട്ടെ
നിന്റെ........
പ്രതി രൂപം മാത്രമാണ് ഞാന്‍



സന്ധ്യേ ..
നിന്റെ ചുവപ്പില്‍ നിന്നും
വിപ്ലവം
വിട... പറഞ്ഞകന്നുവോ ?

സന്ധ്യേ ..
നിറം മങ്ങിയ
സായാഹ്നകാഴ്ചകളില്‍
നിന്റെ പ്രണയത്തിന്റെ
വിരഹനോവുകള്‍
ചുരത്തിയ
മിഴിനീരില്‍
ഒരു
മഴവില്ല് വിരിയുന്നത്
കാണാന്‍ കൊതിച്ച
ഞാന്‍ .....

പടിഞ്ഞാറന്‍ മാനത്ത്
നിന്റെ
കടക്കണ്ണില്‍ നിന്നും
അടര്‍ന്നു വീണ
അടങ്ങാത്ത
ദാഹത്തിന്റെ
മഞ്ചാടികുരുക്കള്‍
പെറുക്കികൂട്ടി
കാത്തിരിക്കുന്നത്

നാളത്തെ
പ്രഭാതത്തില്‍
നിന്നെ
പുണര്‍ന്നുമ്മവച്ചുണത്തി
നീ പകര്‍ന്ന
മഞ്ചാടി മുത്തില്‍
തുടിക്കുന്ന
ചുവപ്പ് നിന്റെ ആഴങ്ങളില്‍
ആഴ്ത്തി ...
പുത്തനൊരു വിപ്ലവത്തിന്റെ
നിര്‍വൃതിയായ്‌
നിന്നില്‍
അലിയുവാന്‍ മാത്രം





രാവിന്റെ
നിശബ്ദ്ധതയില്‍
നിഴല്‍ ചേര്‍ന്നുറങ്ങിയ
മൃതിയുടെ
അനുരണനങ്ങള്‍ക്ക്
ചെവിയോര്‍ത്തു
കവിത കുറുകിയ
ഹൃദയവുമായി
ഇന്നലെ
ഇതു വഴിപോയ
ഒരു രാപ്പാടിയുടെ
ശബ്ദ്ധം കൂടി നിലച്ചു

വഴിയോരങ്ങളില്‍
സമധിയാകുന്ന
സ്വപ്നങ്ങളെ
ബലിചോറുരുട്ടി
കറുത്തവാവിന്റെ
കദനം കണ്ണ് നീരായോഴുക്കി
ഞാനിനിയും
മുന്നേറട്ടെ

എനിക്ക്
ഒരു കുമ്പിള്‍
കഞ്ഞിക്കായി ഇരന്നു
നില്‍ക്കുന്ന
നിന്റെ വയറിന്റെ
കാളല്‍ തുണയുണ്ട്

ഒരിക്കലും
അസ്തമിക്കാത്ത
ഈ പകലിന്റെ
വറുതിയില്‍
ഉരുകിയോലിക്കുമ്പോള്‍
ഇനിയൊരു
ഉഷസിന്റെ
ഊഷ്മളത
കൊതിക്കുന്നതെങ്ങനെ

ഔപചാരികതയുടെ
ശവപറമ്പില്‍വച്ച്
കാലം എന്നോടോതിയ
നന്ദി വാക്കിന്റെ
ദഹനം കഴിഞ്ഞു
ഞാനിതാ മടങ്ങി പോകുന്നു

Featured Video

About

My photo
മുംബൈ, മഹാരാഷ്ട്ര, India
തുമ്പയും, തുളസിയും...കണിക്കൊന്നയുടെ പരിശുദ്ധിയും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു മറുനാടന്‍ മലയാളി ....

Followers

Powered by Blogger.